നവംബർ 14 വെള്ളി
“നിങ്ങളുടെ അലങ്കാരം പുറമേയുള്ളതായിരിക്കരുത്.”—1 പത്രോ. 3:3.
നമ്മൾ വഴക്കമുള്ളവരാണെങ്കിൽ മറ്റുള്ളവരുടെ വീക്ഷണങ്ങളെ ആദരിക്കാൻ തയ്യാറാകും. ഉദാഹരണത്തിന്, ചില സഹോദരിമാർ മേക്കപ്പ് ചെയ്ത് ഒരുങ്ങിനടക്കാൻ ഇഷ്ടമുള്ളവരായിരിക്കും. എന്നാൽ മറ്റു ചിലർക്ക് അതിനോടു തീരെ താത്പര്യം കാണില്ല. ഇനി, ചില ക്രിസ്ത്യാനികൾ മിതമായ അളവിൽ മദ്യം കഴിക്കുന്നവരായിരിക്കാം. പക്ഷേ മറ്റു ചിലർ അതു തൊടുകപോലുമില്ല. നല്ല ആരോഗ്യം ഉണ്ടായിരിക്കാൻ നമ്മളെല്ലാം ആഗ്രഹിക്കുന്നുണ്ട്. പക്ഷേ ആരോഗ്യപരിപാലനത്തിനുവേണ്ടി ഓരോരുത്തരും തിരഞ്ഞെടുക്കുന്ന രീതികൾ പലതായിരിക്കും. നമ്മൾ പറയുന്നതാണ് എപ്പോഴും ശരിയെന്നു ചിന്തിച്ചുകൊണ്ട് എല്ലാവരും അങ്ങനെ ചെയ്യണമെന്നു വാശിപിടിച്ചാൽ അതു പലരെയും ഇടറിവീഴിക്കും, സഭയിൽ ഭിന്നിപ്പ് ഉണ്ടാകുകയും ചെയ്യും. (1 കൊരി. 8:9; 10:23, 24) ഉദാഹരണത്തിന്, എന്തു ധരിക്കണം എന്ന കാര്യത്തിൽ കൃത്യമായ ഒരു നിയമം വെക്കുന്നതിനു പകരം ഇക്കാര്യത്തിൽ ഒരു തീരുമാനം എടുക്കാൻ സഹായിക്കുന്ന ചില തത്ത്വങ്ങളാണ് യഹോവ നമുക്കു തന്നിട്ടുള്ളത്. വസ്ത്രധാരണത്തിന്റെ കാര്യത്തിൽ വഴക്കം കാണിച്ചുകൊണ്ട് നമുക്ക് യഹോവയെ മഹത്ത്വപ്പെടുത്താം. അതിനുവേണ്ടി നമ്മൾ മാന്യമായി, “സുബോധത്തോടെ” വസ്ത്രം ധരിക്കണം. (1 തിമൊ. 2:9, 10) അങ്ങനെയാകുമ്പോൾ നമ്മൾ നമ്മളിലേക്കുതന്നെ അനാവശ്യമായി ശ്രദ്ധ ആകർഷിക്കില്ല. വസ്ത്രധാരണത്തോടും ഹെയർസ്റ്റൈലിനോടും ബന്ധപ്പെട്ടു സ്വന്തം നിയമങ്ങൾ വെക്കാതിരിക്കാൻ ബൈബിൾതത്ത്വങ്ങൾ മൂപ്പന്മാരെയും സഹായിക്കും. w23.07 23–24 ¶13-14
നവംബർ 15 ശനി
“ഞാൻ പറയുന്നതു ശ്രദ്ധിച്ചുകേട്ട് നല്ല ഭക്ഷണം കഴിക്കുക, അങ്ങനെ, സമ്പുഷ്ടമായ ആഹാരം കഴിച്ച് നിങ്ങൾ സന്തോഷിച്ചാനന്ദിക്കും.”—യശ. 55:2.
നല്ല ഒരു ഭാവി കിട്ടാൻ നമുക്ക് എന്തു ചെയ്യാനാകുമെന്ന് യഹോവ കാണിച്ചുതരുന്നു. ‘വിവരദോഷിയായ സ്ത്രീയുടെ’ ക്ഷണം സ്വീകരിക്കുന്ന വ്യക്തികൾ അധാർമികത എന്ന ‘മധുരം’ ആസ്വദിക്കാൻ നോക്കുന്നവരാണ്. പക്ഷേ ഇപ്പോഴത്തെ സുഖങ്ങളുടെ പുറകേ പോകുന്നവർ ചെന്നെത്താൻ പോകുന്നതു ‘ശവക്കുഴിയുടെ ആഴങ്ങളിലാണ്.’ (സുഭാ. 9:13, 17, 18) എന്നാൽ ‘യഥാർഥജ്ഞാനത്തിന്റെ’ ക്ഷണം സ്വീകരിക്കുന്നവരുടെ കാര്യം അങ്ങനെയല്ല. (സുഭാ. 9:1) യഹോവ സ്നേഹിക്കുന്നതിനെ സ്നേഹിക്കാനും വെറുക്കുന്നതിനെ വെറുക്കാനും നമ്മൾ പഠിക്കുന്നു. (സങ്കീ. 97:10) ‘യഥാർഥജ്ഞാനത്തിൽനിന്ന്’ പ്രയോജനം നേടാൻ മറ്റുള്ളവരെ സഹായിക്കുന്നതിന്റെ സംതൃപ്തിയും നമുക്കുണ്ട്. അതു നമ്മൾ ‘നഗരത്തിലെ ഉയർന്ന സ്ഥലങ്ങളിൽ ചെന്ന് “അനുഭവജ്ഞാനമില്ലാത്തവരെല്ലാം ഇവിടേക്കു വരട്ടെ” എന്നു വിളിച്ചുപറയുന്നതുപോലെയാണ്.’ ആ ക്ഷണത്തോടു പ്രതികരിക്കുന്നവർക്കും നമുക്കും ഉള്ള പ്രയോജനങ്ങൾ ഇന്നും എന്നേക്കും ഉള്ളതാണ്. അതെ, ‘വകതിരിവിന്റെ വഴിയേ മുന്നോട്ടു നടന്നാൽ’ നമുക്ക് എന്നെന്നും ‘ജീവിച്ചിരിക്കാൻ’ കഴിയും.—സുഭാ. 9:3, 4, 6. w23.06 24 ¶17-18
നവംബർ 16 ഞായർ
“ശാന്തനായ മനുഷ്യൻ ശക്തനായവനെക്കാൾ ശ്രേഷ്ഠൻ; കോപം നിയന്ത്രിക്കുന്നവൻ ഒരു നഗരം പിടിച്ചെടുക്കുന്നവനെക്കാൾ മികച്ചവൻ.”—സുഭാ. 16:32.
കൂടെ ജോലി ചെയ്യുന്നവരോ കൂടെ പഠിക്കുന്നവരോ നിങ്ങളുടെ വിശ്വാസത്തെക്കുറിച്ച് ചോദിച്ചാൽ നിങ്ങൾക്ക് എന്തു തോന്നും? പേടി തോന്നുമോ? നമ്മളിൽ മിക്കവർക്കും അങ്ങനെ തോന്നാറുണ്ട്. എന്നാൽ അത്തരമൊരു ചോദ്യം ഒരാൾ എന്താണു ചിന്തിക്കുന്നത്, വിശ്വസിക്കുന്നത് എന്നൊക്കെ മനസ്സിലാക്കാൻ ഒരുപക്ഷേ നമ്മളെ സഹായിക്കും. അങ്ങനെ ആ വ്യക്തിയെ സന്തോഷവാർത്ത അറിയിക്കാനുള്ള ഒരു അവസരവും നമുക്കു കിട്ടിയേക്കും. ഇനി, മറ്റു ചിലർ ചോദ്യം ചോദിക്കുന്നതു നമ്മളോടു തർക്കിക്കാനുള്ള ഉദ്ദേശ്യത്തോടെയായിരിക്കും. അതിൽ അതിശയിക്കേണ്ടതില്ല. കാരണം, നമ്മളെക്കുറിച്ചുള്ള ചില തെറ്റിദ്ധാരണകളുടെ പേരിലായിരിക്കാം അവർ അങ്ങനെ ചെയ്യുന്നത്. (പ്രവൃ. 28:22) കൂടാതെ നമ്മൾ ജീവിക്കുന്നത് “ഒരു കാര്യത്തോടും യോജിക്കാത്തവരും . . . ക്രൂരന്മാരും” നിറഞ്ഞ ‘അവസാനകാലത്താണല്ലോ.’ (2 തിമൊ. 3:1, 3) നമ്മുടെ വിശ്വാസത്തെ ആരെങ്കിലും ചോദ്യം ചെയ്താൽ എങ്ങനെ ശാന്തതയോടെ ഇടപെടാം എന്നു നിങ്ങൾ ഒരുപക്ഷേ ചിന്തിച്ചേക്കാം. അങ്ങനെ ചെയ്യാൻ നിങ്ങളെ എന്തു സഹായിക്കും? ഒറ്റ വാക്കിൽ പറഞ്ഞാൽ സൗമ്യത. സൗമ്യനായ ഒരു വ്യക്തി തന്നെ ആരെങ്കിലും ദേഷ്യംപിടിപ്പിക്കുമ്പോഴോ എന്തു മറുപടി പറയണമെന്ന് അറിയാത്തപ്പോഴോ ഒക്കെ ശാന്തനായി തുടരും. w23.09 14 ¶1-2